സ്വർഗ്ഗവും നരകവും ഓർത്തഡോൿസ് സഭയുടെ വീക്ഷണം.
പല ക്രിസ്ത്യാനികളും കരുതുന്നത് സ്വർഗ്ഗവും നരകവും എന്നാൽ നാം മരിച്ചതിന് ശേഷം നമുക്ക് പ്രതിഫലം നൽകുന്നതിനോ ശിക്ഷിക്കുന്നതിനോ ദൈവം നമ്മെ അയക്കുന്ന സ്ഥലങ്ങളാണെന്നാണ്;
രക്ഷയെന്നാൽ സ്വർഗത്തിൽ പ്രവേശിക്കുകയും നരകത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുക എന്നുമാണവർ ചിന്തിക്കുന്നത്.
എന്നാൽ ഓർത്തഡോക്സ് സഭ ഇങ്ങനെ ഒരു ഉപദേശത്തിൽ വിശ്വസിക്കുന്നില്ല. പകരം "ദൈവം എല്ലായിടത്തും സന്നിഹിതനാണെന്നും, സ്വർഗ്ഗവും നരകവും യഥാർത്ഥത്തിൽ ദൈവത്തിന്റെ നിരുപാധികമായ സ്നേഹത്തെ നാം രുചിക്കുന്ന വ്യത്യസ്ഥ അനുഭവങ്ങളാണെന്നുമാണ് സഭ പഠിപ്പിക്കുന്നത്".
സ്വർഗ്ഗവും നരകവും ഭൗതിക സ്ഥലങ്ങളാണെന്ന തെറ്റിദ്ധാരണ.
വി.മത്തായി 25-ൽ നാം അന്തിമവിധിയെക്കുറിച്ച് വായിക്കുന്നു; അവിടെ അന്തിമ വിധിയ്ക്ക് ശേഷം നീതിമാൻമാർ "നിത്യജീവനിലേക്കും" പാപികൾ "നിത്യമായ ശിക്ഷയിലേക്കും" പോകുന്നു എന്ന് എഴുതിയിരിക്കുന്നു (മത്താ. 25:46).
ഈ വചനങ്ങളെ ക്രിസ്തു നീതിമാന്മാരെ സ്വർഗ്ഗത്തിലേക്ക് നയിക്കുകയും പാപികളെ നരകത്തിലേക്ക് തള്ളുകയും ചെയ്യുന്നുവെന്ന് മിക്ക ആളുകളും തെറ്റായി ധരിക്കുന്നു.
അവർ ഈ തെറ്റായ അനുമാനത്തെ രക്ഷയെക്കുറിച്ചുള്ള അവരുടെ വീക്ഷണവുമായി ലയിപ്പിക്കുന്നു. രക്ഷിക്കപ്പെടുക എന്നതിനർത്ഥം നരക ശിക്ഷയിൽ നിന്നും ഒഴിവാക്കുക എന്നാണ് അവർ കരുതുന്നത്.
ഈ ദൗർഭാഗ്യകരമായ തെറ്റിദ്ധാരണ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് പാരമ്പര്യത്തിൽ നിന്നാണ് ഉത്ഭവിച്ചത്.
നരകത്തിലേക്കും പറുദീസയിലേക്കുമുള്ള സമ്പൂർണ്ണ മുൻനിശ്ചയത്തെക്കുറിച്ചുള്ള ഹിപ്പോയുടെ അഗസ്റ്റിന്റെ പഠിപ്പിക്കലുകൾ മനുഷ്യന്റെയും പാപത്തിന്റെയും പതനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിയമപരമായ വീക്ഷണങ്ങൾ, പറുദീസയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിയോപ്‌ളാറ്റോണിക് ധാരണകൾ, സഭയുടെ വലിയ ഭിന്നതയ്ക്ക് ശേഷം പാശ്ചാത്യ ക്രിസ്ത്യാനിറ്റിയെ വളരെയധികം സ്വാധീനിച്ചു. തന്റെ രചനകളിൽ, നരകം ഭൂമിയുടെ അടിയിലാണെന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു, അവിടെ ആളുകൾ അക്ഷരാർത്ഥത്തിൽ നരകാഗ്നിയിൽ ശിക്ഷിക്കപ്പെടും. എന്നാൽ പറുദീസ ബഹിരാകാശത്തിന്റെ പരിധിക്കപ്പുറമാണ്, ആളുകൾ നിത്യജീവൻ ആസ്വദിക്കാൻ പോകുന്ന സ്ഥലമാണ് അത് എന്നൊക്കെയാണ് അദ്ദേഹത്തിന്റെ വീക്ഷണം. എന്നാൽ സഭയുടെ പിളർപ്പിന് മുമ്പ് കിഴക്ക് അത്തരം പഠിപ്പിക്കലുകൾ ഉണ്ടായിരുന്നില്ല, അഗസ്റ്റിന്റെ പഠിപ്പിക്കലുകൾ ഓർത്തഡോൿസ് പിതാക്കന്മാർ അംഗീകരിച്ചിരുന്നുമില്ല.
സ്വർഗ്ഗവും നരകവും നമ്മുടെ നിത്യതയുടെ അനുഭവമാണ്.
സ്വർഗ്ഗവും നരകവും ജീവൻ നൽകുന്ന ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ അവസ്ഥകളും രൂപങ്ങളുമാണെന്ന് ഓർത്തഡോക്സ് സഭ പഠിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവ അവന്റെ സ്നേഹത്തിന്റെയും സാന്നിധ്യത്തിന്റെയും വ്യത്യസ്ത അനുഭവങ്ങളാണ്.
ലളിതമായി പറഞ്ഞാൽ: ദൈവത്തിന്റെ ഒരു സൃഷ്ടിപരമായ ഊർജ്ജം ഉണ്ട്, അത് ഇടത്തുള്ളവർ അവരുടെ കഠിനമായ ആത്മാവ് നിമിത്തം വിദ്വേഷമോ ശിക്ഷയോ ആയി മനസ്സിലാക്കുന്നു. നേരേമറിച്ച്, നീതിമാന്മാർ അതിനെ സ്നേഹമായും സന്തോഷമായും ധൈര്യമായും സാന്ത്വനമായും കാണുന്നു, അങ്ങനെ, നീതിമാന്മാർ അവനെ നോക്കുകയും സങ്കൽപ്പിക്കാൻ കഴിയാത്ത ആനന്ദത്താൽ സ്വർഗ്ഗീയ അനുഭവം രുചിക്കുകയും ചെയ്യുന്നു, അതേസമയം ഇടത്തുള്ളവർ ആകട്ടെ അവനെ കാണുമ്പോൾ അവന്റെ സാന്നിധ്യവും സ്നേഹവും പറഞ്ഞറിയിക്കാനാവാത്ത വേദനയായി അഗ്നിയായി അനുഭവിക്കുന്നു ആ അവസ്ഥയിൽ അവർ ജീവിക്കുന്നു.
സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ച് ഐക്കണുകൾ നമ്മെ പഠിപ്പിക്കും
ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ ഐക്കൺ(പോസ്റ്റിലെ ഐക്കൺ ) നമുക്ക് കാണിച്ചുതരുന്നത് സ്വർഗ്ഗവും നരകവും നിത്യതയുടെ വ്യത്യസ്ത അനുഭവങ്ങളാണെന്നും ഭൗതിക സ്ഥലങ്ങളല്ലെന്നുമാണ്. ക്രിസ്തുവിന്റെ വലത് വശത്തുള്ള ആളുകളെ ഒരു വെളുത്ത വെളിച്ചം വലയം ചെയ്യുന്നത് കാണാം, അതേസമയം ചുവന്ന വെളിച്ചം അവന്റെ ഇടതുവശത്തുള്ളവരെ - നശിപ്പിക്കപ്പെട്ടവരെ വലയം ചെയ്യുന്നു. ചുവന്ന വെളിച്ചത്തിന്റെ പാത ഇടുങ്ങിയതാണ്, ഇത് വെളുത്ത വെളിച്ചത്തേക്കാൾ ക്രിസ്തുവിൽ നിന്ന് വളരെ അകലെയാണെന്ന് സൂചിപ്പിക്കുന്നു. എല്ലായിടത്തും സന്നിഹിതനാണെന്നും എല്ലാം നിറയ്ക്കുന്നുവെന്നും ഊന്നിപ്പറയുന്ന ക്രിസ്തു എല്ലാവരുടെയും മുമ്പാകെ വ്യക്തമായി തന്റെ സാന്നിധ്യമറിയിക്കുന്നത് നാം കാണുന്നു;
നീതിമാൻ ഈ വെളുത്ത വെളിച്ചത്തിൽ ക്രിസ്തുവിനെ കാണുന്നു, നശിച്ചവർ ക്രിസ്തുവിന്റെ പ്രകാശത്തെ ചുവപ്പായി കാണുന്നു. എന്തുകൊണ്ട്? കാരണം ആദ്യത്തേതിന് അത് ദൈവത്തിന്റെ മഹത്വവും രണ്ടാമത്തേതിന് അത് ശാശ്വതമായ അഗ്നിയും പുറം ഇരുട്ടുമാണ്. നശിച്ചവർ അവരുടെ നാഥനിൽ നിന്നും ദൈവത്തിൽ നിന്നും എന്നെന്നേക്കുമായി വേർപിരിഞ്ഞ് തീയും ഗന്ധകവുമുള്ള ഏതെങ്കിലും ഭൂഗർഭ സ്ഥലത്തേക്ക് പോയിട്ടില്ല പിന്നെയോ, ഐക്കണിൽ കാണുന്നതുപോലെ, അവർ അവന്റെ സാന്നിധ്യത്തിൽ തുടരുന്നു എന്നാൽ അവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അവരുടെ അനുഭവമാണ് അവർക്ക് നിത്യതയെ നരകമാക്കുന്നത്.
ദൈവം നമ്മെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു
ദൈവം എല്ലാവരേയും ഒരുപോലെ സ്നേഹിക്കുന്നുവെന്ന് സഭയിലെ വിശുദ്ധ പിതാക്കന്മാരും ഊന്നിപ്പറയുന്നു. നശിപ്പിക്കപ്പെട്ടവരും രക്ഷിക്കപ്പെട്ടവരും, മഹത്വപ്പെടുത്തപ്പെട്ടവരും വിശുദ്ധരും, നല്ലവരും ചീത്തയും, പറുദീസയും നരകവും, മിക്ക ആളുകളും മനസ്സിലാക്കുന്നതുപോലെ, ദൈവത്തിന്റെ വീക്ഷണകോണിൽ നിന്നല്ല, മറിച്ച് നമ്മുടേതിൽ നിന്നാണ് ഉണ്ടാകുന്നത്. ദൈവം എല്ലാവരെയും സ്നേഹിക്കുന്നു, തന്നെ വെറുക്കുന്നവരെപ്പോലും. അവൻ തന്റെ കൃപ എല്ലാവർക്കും അയയ്‌ക്കും, അതുപോലെ അവൻ "ദുഷ്ടന്മാരുടെയും നല്ലവരുടെയും മേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നു" (മത്താ. 5:45). ദൈവത്തിന്റെ വീക്ഷണത്തിൽ, അവൻ നമ്മെ എല്ലാവരെയും രക്ഷിക്കുന്നു. എല്ലാ മനുഷ്യരുടെയും രക്ഷയാണ് അവൻ ആഗ്രഹിക്കുന്നത്, എന്നാൽ എല്ലാവരും ഒരേ രീതിയിൽ ദൈവകൃപ സ്വീകരിക്കില്ല എന്നതാണ് വ്യത്യാസം. ചിലർ ദൈവത്തെ വെളിച്ചമായും മറ്റുചിലർ അഗ്നിയായും അനുഭവിക്കും.
രണ്ടും നിത്യത വരെ നിലനിൽക്കുന്നു. രണ്ടും ദൈവത്തിന്റെ കാഴ്ചയിലും സാന്നിധ്യത്തിലും വസിക്കുന്നു. ഒരേയൊരു വ്യത്യാസം നമ്മുടെ ആത്മാവിന്റെ അവസ്ഥയാണ്. നാം കഠിനഹൃദയരും സ്വാർത്ഥരും പാപികളും അനുതാപമില്ലാത്തവരുമാണെങ്കിൽ, ദൈവത്തിന്റെ സാന്നിധ്യം ദഹിപ്പിക്കുന്ന അഗ്നിപോലെയായിരിക്കും. നേരെമറിച്ച്, നമ്മുടെ പാപത്തിന് - മാനസാന്തരത്തിന് - ചികിത്സ തേടുകയും ദൈവത്തെ നേടാൻ പരിശ്രമിക്കുകയും ചെയ്താൽ , ദൈവത്തിന്റെ സാന്നിധ്യം നമുക്ക് സ്വർഗമായിരിക്കും.
എഴുതിയത് : പുത്തൻപുരയ്‌ക്കക്കൾ സ്റ്റേഫിൻ ശെമാശൻ
(പ്രക്സീസ് 2:24) എന്നാല്‍ താനോ, പാതാളത്തില്‍ ബന്ധിതനാകാന്‍ സാദ്ധ്യമല്ലാതിരുന്നതിനാല്‍, ദൈവം അവനെ ഉയിര്‍പ്പിക്കുകയും *പാതാളത്തിന്‍റെ പാശങ്ങള്‍ അഴിച്ചു കളയുകയും ചെയ്തു. *
(പ്രക്സീസ് 2:28) ജീവന്‍റെ വഴി എനിക്ക് നീ വെളിപ്പെടുത്തി. നിന്നോടുകൂടെയുള്ള *ആനന്ദം(അവസ്ഥ) കൊണ്ട് എന്നെ നിറയ്ക്കും.
Comments